Month: സെപ്റ്റംബർ 2019

അവസാന വാക്ക്

അവളുടെ പേര് സരളിന്‍ എന്നായിരുന്നു. സ്‌കൂളില്‍ പഠിക്കുമ്പോള്‍ എനിക്കവളോട് ഒരു ആകര്‍ഷണം തോന്നിയിരുന്നു. ഏറ്റവും സുന്ദരമായ ചിരി അവള്‍ക്കുണ്ടായിരുന്നു. എന്റെ താല്പര്യത്തെക്കുറിച്ച് അവള്‍ക്കറിയാമോ എന്നെനിക്കുറപ്പില്ലായിരുന്നു, അവള്‍ക്കറിയാമെന്നു ഞാന്‍ സംശയിച്ചിരുന്നു. ഗ്രാജുവേഷനുശേഷം അവളെക്കുറിച്ചു പിന്നെ അറിവില്ലാതായി. ജീവിതത്തില്‍ സാധാരണ സംഭവിക്കുന്നതുപോലെ ഞങ്ങളുടെ ജീവിതം വ്യത്യസ്ത ദിശകളിലേക്കു മാറിപ്പോയി.

ചില ഓണ്‍ലൈന്‍ ഫോറത്തിലൂടെ ഞാന്‍ എന്റെ സഹപാഠികളുമായുള്ള ബന്ധം തുടര്‍ന്നു, അങ്ങനെയാണ് സരളിന്‍ മരിച്ചു എന്ന വാര്‍ത്ത ഞാനറിഞ്ഞത്. അതെന്നെ വളരെ ദുഃഖിപ്പിച്ചു. അവളുടെ ജീവിതം മുന്നോട്ടു പോയ വഴിത്തിരിവിനെക്കുറിച്ച് വര്‍ഷങ്ങളോളം ഞാന്‍ അത്ഭുതപ്പെട്ടുകൊണ്ടിരുന്നു. എനിക്കു പ്രായമാകുന്തോറും സ്നേഹിതരെയും കുടുംബാംഗങ്ങളെയും നഷ്ടപ്പെടുന്നതിനെക്കുറിച്ചുള്ള ചിന്തകള്‍ എന്നെ വല്ലാതെ അലട്ടിക്കൊണ്ടിരുന്നു. എന്നാല്‍ നമ്മില്‍ പലരും ഇതിനെക്കുറിച്ചു സംസാരിക്കുന്നത് ഒഴിവാക്കാറാണു പതിവ്.

നാം ദുഃഖിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെ, അപ്പൊസ്തലനായ പൗലൊസ് പറയുന്നത് മരണത്തിന്റേതല്ല അന്തിമ വാക്ക് എന്നാണ് (1 കൊരിന്ത്യര്‍ 15:54-55). അതിനെത്തുടര്‍ന്ന് മറ്റൊരു വാക്കുണ്ട്: പുനരുത്ഥാനം. ക്രിസ്തുവിന്റെ പുനരുത്ഥാനത്തിന്റെ യാഥാര്‍ത്ഥ്യത്തിലാണ് പൗലൊസ് ആ പ്രത്യാശ അടിസ്ഥാനപ്പെടുത്തിയിരിക്കുന്നത് (വാ. 12). അവന്‍ പറയുന്നു, 'ക്രിസ്തു ഉയര്‍ത്തെഴുന്നേറ്റിട്ടില്ലെങ്കില്‍ ഞങ്ങളുടെ പ്രസംഗം വ്യര്‍ത്ഥം; നിങ്ങളുടെ വിശ്വാസവും വ്യര്‍ത്ഥം' (വാ. 14). വിശ്വാസികള്‍ എന്ന നിലയില്‍ നമ്മുടെ പ്രത്യാശ ഈ ലോകത്തില്‍ മാത്രം പരിമിതപ്പെട്ടിരിക്കുന്നുവെങ്കില്‍, അത് അത്യന്തം ദയനീയമാണ് (വാ. 19). 'ക്രിസ്തുവില്‍ നിദ്രകൊണ്ടവരെ' - മുത്തച്ഛന്മാരെയും മുത്തശ്ശിമാരെയും, അപ്പനമ്മമാരെയും, സ്നേഹിതരെയും അയല്‍ക്കാരെയും, നമ്മുടെ പഴയ സഹപാഠികളെപ്പോലും - നാം വീണ്ടും ഒരു ദിവസം കാണും (വാ. 18).

മരണത്തിന്റേതല്ല അവസാന വാക്ക്, പുനരുത്ഥാനത്തിന്റേതാണ്.

വഴികാട്ടുന്ന വെളിച്ചം

റെസ്റ്റോറന്റ് മനോഹരമായിരുന്നുവെങ്കിലും ഇരുണ്ടതായിരുന്നു. ഓരോ മേശയിലും ഒരു ചെറിയ മെഴുകുതിരി വീതം കത്തിക്കൊണ്ടിരുന്നു. ഭക്ഷണത്തിനു വന്നവര്‍ മെനു വായിക്കുന്നതിനും കൂടെയുള്ളവരുടെ മുഖം കാണുന്നതിനും തങ്ങള്‍ എന്താണു ഭക്ഷിക്കുന്നത് എന്നു കാണുന്നതിനുപോലും വെളിച്ചത്തിനുവേണ്ടി തങ്ങളുടെ സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കേണ്ടിവന്നു.

ഒടുവില്‍ ഒരു മാന്യദേഹം കസേര പുറകോട്ടു നീക്കിയിട്ട് വെയിറ്ററുടെ അടുത്തു ചെന്ന് ശാന്തമായി ചോദിച്ചു, 'താങ്കള്‍ക്ക് ലൈറ്റ് ഓണ്‍ ചെയ്യാന്‍ കഴിയുമോ?' അധികം കഴിയും മുമ്പ് ഒരു സീലിംഗ് ലൈറ്റ് കത്തുകയും കൈയടികൊണ്ട് മുറി മുഖരിതമാകുകയും ചെയ്തു. ഒപ്പം തന്നെ ചിരികളും ഉയര്‍ന്നു. സന്തോഷപ്രദമായ സംസാരവും ഉയര്‍ന്നു. നന്ദി ശബ്ദങ്ങളും. എന്റെ സ്നേഹിതയുടെ ഭര്‍ത്താവ് ഫോണ്‍ ഓഫ് ചെയ്തിട്ട് തന്റെ പാത്രങ്ങള്‍ എടുത്തു, ഞങ്ങളോടെല്ലാം പറഞ്ഞു, 'വെളിച്ചം ഉണ്ടാകട്ടെ! ഇനി നമുക്കു ഭക്ഷിക്കാം.'

ഞങ്ങളുടെ മൂകത നിറഞ്ഞ സായംകാലം ഒരു സ്വിച്ച് ഓണാക്കിയതോടെ ആഘോഷഭരിതമായി. എങ്കില്‍ യഥാര്‍ത്ഥ വെളിച്ചത്തിന്റെ ഉറവിടത്തെ അറിയുകയെന്നത് എത്രയധികം പ്രാധാന്യമുള്ളതാണ്. പ്രപഞ്ച സൃഷ്ടിയുടെ ആദ്യദിനത്തില്‍ ദൈവം തന്നെയാണ് ആ അതിശയകരമായ വാക്കുകള്‍ പറഞ്ഞത്, 'വെളിച്ചം ഉണ്ടാകട്ടെ!' 'വെളിച്ചം ഉണ്ടായി' (ഉല്പത്തി 1:3). തുടര്‍ന്ന് 'വെളിച്ചം നല്ലത് എന്നു ദൈവം കണ്ടു' (വാ. 4).

നമ്മോടുള്ള ദൈവത്തിന്റെ വലിയ സ്നേഹത്തെയാണ് വെളിച്ചം വെളിപ്പെടുത്തുന്നത്. അവന്റെ വെളിച്ചം നമ്മെ 'ലോകത്തിന്റെ വെളിച്ചവും' (യോഹന്നാന്‍ 8:12) പാപത്തിന്റെ ഇരുട്ടില്‍നിന്നു നമ്മെ വിടുവിക്കുന്നവനുമായ യേശുവിങ്കലേക്കു വഴികാട്ടുന്നു. നാം അവന്റെ വെളിച്ചത്തില്‍ നടക്കുമ്പോള്‍, പുത്രനെ മഹത്വപ്പെടുത്തുന്ന ഒരു ജീവിതത്തിലേക്കുള്ള പ്രകാശപൂരിതമായ പാത നാം കണ്ടെത്തും. അവനാണ് ലോകത്തിനു ലഭിച്ച ഏറ്റവും പ്രകാശപൂരിതമായ സമ്മാനം. അവന്‍ പ്രകാശിക്കുന്നതിനാല്‍ നമുക്ക് അവന്റെ വഴിയില്‍ നടക്കാം.

അവിടം തെന്നുന്നതാണ്

വര്‍ഷങ്ങള്‍ക്കു മുമ്പ്് ഞാന്‍ സ്‌കീയിംഗ് പഠിച്ചുകൊണ്ടിരുന്നപ്പോള്‍, ഞാന്‍ എന്റെ മകന്‍ ജോഷിന്റെ പിന്നാലെ ഒരു ചെറിയ ചരിവിലൂടെ നീങ്ങുകയായിരുന്നു. അവനെ നോക്കിക്കൊണ്ടിരുന്നതിനാല്‍ അവന്‍ പര്‍വ്വതത്തിലെ ഏറ്റവും കുത്തനെയുള്ളയിടത്തേക്കു നീങ്ങിയതു ഞാന്‍ ശ്രദ്ധിച്ചില്ല. പെട്ടെന്നു ഞാന്‍ നിയന്ത്രണം വിട്ട് താഴേക്കു വീണു. ഞാന്‍ ഗര്‍ത്തത്തിലകപ്പെട്ടു.

എങ്ങനെ നാം എളുപ്പത്തില്‍ പാപത്തിന്റെ പടുകുഴിയിലേക്കു വീഴും എന്ന് സങ്കീര്‍ത്തനം 141 കാണിച്ചുതരുന്നു. അത്തരം ചരിവുകളെക്കുറിച്ച് ബോധവാന്മാരായിരിക്കാനുള്ള മാര്‍ഗ്ഗങ്ങളിലൊന്ന് പ്രാര്‍ത്ഥനയാണ്. 'ദുഷ്പ്രവൃത്തികളില്‍ ഇടപെടുവാന്‍ എന്റെ ഹൃദയത്തെ ദുഷ്‌കാര്യത്തിനു ചായിക്കരുതേ' (വാ. 4) എന്നത് വ്യക്തമായും കര്‍ത്താവിന്റെ പ്രാര്‍ത്ഥനയിലെ ഒരു അപേക്ഷയാണ്. 'ഞങ്ങളെ പരീക്ഷയില്‍ കടത്താതെ ദുഷ്ടങ്കല്‍നിന്ന് ഞങ്ങളെ വിടുവിക്കണമേ' (മത്തായി 6:13). ദൈവം തന്റെ നന്മയില്‍ ഈ പ്രാര്‍ത്ഥന കേള്‍ക്കുകയും ഉത്തരം നല്‍കുകയും ചെയ്യുന്നു.

തുടര്‍ന്ന് കൃപയുടെ മറ്റൊരു പ്രതിനിധിയെ ഈ സങ്കീര്‍ത്തനത്തില്‍ ഞാന്‍ കാണുന്നു: ഒരു വിശ്വസ്ത സ്നേഹിതന്‍. 'നീതിമാന്‍ എന്നെ അടിക്കുന്നതു ദയ; അവന്‍ എന്നെ ശാസിക്കുന്നതു തലയ്ക്ക് എണ്ണ; എന്റെ തല അതിനെ വിലക്കാതിരിക്കട്ടെ'' (സങ്കീര്‍ത്തനം 141:5). പരീക്ഷകള്‍ വഞ്ചനാപരമാണ്. നാം തെറ്റിപ്പോകുകയാണെന്നു നാം പലപ്പോഴും അറിയുകയില്ല. ഒരു നല്ല സ്നേഹിതനു നമ്മെ വിലക്കാന്‍ കഴിയും. 'സ്നേഹിതന്‍ വരുത്തുന്ന മുറിവുകള്‍ വിശ്വസ്തതയുടെ ഫലം' (സദൃശവാക്യങ്ങള്‍ 27:6). ശാസന അംഗീകരിക്കുന്നതു പ്രയാസകരമാണെങ്കിലും മുറിവുകളെ നമ്മോടുള്ള 'കനിവ്' ആയി നാം കാണുന്നുവെങ്കില്‍ അനുസരണത്തിന്റെ പാതയിലേക്കു നമ്മെ മടക്കിക്കൊണ്ടുപോകുന്ന അഭിഷേകമായി അതു മാറ്റപ്പെടും.

വിശ്വസ്തനായ ഒരു സ്നേഹിതന്‍ പറയുന്ന സത്യം സ്വീകരിക്കുവാന്‍ തയ്യാറുള്ളവരും പ്രാര്‍ത്ഥനയിലൂടെ ദൈവത്തില്‍ ആശ്രയിക്കുന്നവരും ആയി നമുക്കു മാറാം.

നിലനില്‍ക്കുന്ന പൈതൃകം

തോമസ് എഡിസണ്‍ ആദ്യത്തെ പ്രായോഗികമായ വൈദ്യുത ബള്‍ബ് നിര്‍മ്മിച്ചു. ജോനാസ് സാള്‍ക്ക് ഫലപ്രദമായ പോളിയോ വാക്സിന്‍ വികസിപ്പിച്ചു. എമി കാര്‍മൈക്കിള്‍ നാം ആരാധനയില്‍ പാടുന്ന നിരവധി പാട്ടുകള്‍ എഴുതി. എന്നാല്‍ നിങ്ങള്‍ എന്തു ചെയ്തു? നിങ്ങളെ എന്തിനാണു ഭൂമിയില്‍ ആക്കിയിരിക്കുന്നത്? നിങ്ങളുടെ ജീവിതത്തെ നിങ്ങള്‍ എങ്ങനെ നിക്ഷേപിക്കും?

ഹവ്വാ 'ഗര്‍ഭം ധരിച്ചു കയീനെ പ്രസവിച്ചു' എന്ന് ഉല്പത്തി 4 ല്‍ നാം വായിക്കുന്നു. കയീനെ ആദ്യമായി കൈകളില്‍ എടുത്തുകൊണ്ട്, ഹവ്വാ പ്രഖ്യാപിച്ചു, 'യഹോവയാല്‍ എനിക്ക് ഒരു പുരുഷപ്രജ ലഭിച്ചു' (ഉല്പത്തി 4:1). ഏറ്റവും ആദ്യത്തെ ജനനത്തിന്റെ അതിശയകരമായ അനുഭവം വിവരിക്കുവാനുള്ള ശ്രമത്തില്‍, ദൈവത്തിന്റെ പരമാധികാര സഹായത്തിലുള്ള ആശ്രയം ധ്വനിക്കുന്ന ഒരു പ്രയോഗമാണ് ഹവ്വാ നടത്തിയത്, 'യഹോവയുടെ സഹായത്താല്‍.' പിന്നീട്, ഹവ്വായുടെ സന്തതിയിലൂടെ, ദൈവം തന്റെ ജനത്തിന് മറ്റൊരു മകനിലൂടെ രക്ഷ ഒരുക്കി (യോഹ. 3:16). എത്ര അതിശയകരമായ പൈതൃകം!

ആളുകള്‍ ലോകത്തിന് നിലനില്ക്കുന്ന പൈതൃകം സമ്മാനിക്കുന്ന നിരവധി മാര്‍ഗ്ഗങ്ങളിലൊന്നാണ് മാതൃത്വവും പിതൃത്വവും. ഒരു പക്ഷേ നിങ്ങള്‍ എഴുതുകയോ, തയ്ക്കുകയോ, ചിത്രം വരയ്ക്കുകയോ ചെയ്യുന്ന മുറിയില്‍നിന്നാകാം നിങ്ങളുടെ സംഭാവന പുറത്തുവരുന്നത്. ദൈവിക സ്വാധീനത്തെ നിഷേധിക്കപ്പെട്ട ഒരുവന്് നിങ്ങള്‍ ഒരു മാതൃകയായിത്തീര്‍ന്നേക്കാം. അല്ലെങ്കില്‍ നിങ്ങള്‍ ഒരിക്കലും ചിന്തിച്ചിട്ടില്ലാത്ത നിലയില്‍ നിങ്ങളുടെ മരണശേഷമായിരിക്കാം നിങ്ങളുടെ സംഭാവന പുറത്തുവരുന്നത്. അതൊരുപക്ഷേ നിങ്ങള്‍ ചെയ്തിട്ടുപോയ പ്രവൃത്തിയായിരിക്കാം അല്ലെങ്കില്‍ നിങ്ങളുടെ ബിസിനസ്സില്‍ നിങ്ങള്‍ പുലര്‍ത്തിയിരുന്ന സത്യസന്ധതയാകാം. ഏതു വിധത്തിലായാലും, നിങ്ങളുടെ വാക്കുകള്‍ ദൈവത്തിലുള്ള ആശ്രയത്തെക്കുറിച്ചു ഹവ്വാ പറഞ്ഞ വാക്കുകളെ പ്രതിധ്വനിപ്പിക്കുന്നുണ്ടോ? ദൈവത്തിന്റെ സഹായത്താല്‍ അവന്റെ മഹത്വത്തിനായി നിങ്ങള്‍ എന്തു ചെയ്യും?

മാറ്റമില്ലാത്തത്

അടുത്തയിടെ ഞാനും ഭാര്യ കാരിയും ഞങ്ങളുടെ കോളജ് പുനഃസമാഗമനത്തിനായി കാലിഫോര്‍ണിയയിലെ സാന്റാ ബാര്‍ബറയിലേക്ക് - മുപ്പത്തിയഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് ഞങ്ങള്‍ കണ്ടുമുട്ടുകയും പ്രണയബദ്ധരാകുകയും ചെയ്ത നഗരം - യാത്ര ചെയ്യുകയുണ്ടായി. ഞങ്ങളുടെ യൗവനത്തിലെ ഏറ്റവും മികച്ച സമയങ്ങളില്‍ ചിലത് ഞങ്ങള്‍ ചിലവഴിച്ച നിരവധി സ്ഥലങ്ങള്‍ സന്ദര്‍ശിക്കുവാന്‍ ഞങ്ങള്‍ പദ്ധതിയിട്ടിരുന്നു. എങ്കിലും ഞങ്ങളുടെ ഇഷ്ട മെക്സിക്കന്‍ റെസ്റ്റോറന്റിന്റെ സ്ഥലത്തു ഞങ്ങള്‍ എത്തിയപ്പോള്‍ അവിടെ കെട്ടിട നിര്‍മ്മാണ സാമഗ്രികള്‍ വില്‍ക്കുന്ന ഒരു കടയാണു ഞങ്ങള്‍ കണ്ടത്. റെസ്റ്റോറന്റ് നാലു പതിറ്റാണ്ട് സമൂഹത്തിനു നല്‍കിയ സേവനത്തിന്റെ സ്്മാരകമെന്നോണം ഒരു പഴകിയ ഇരുമ്പ് ബോര്‍ഡ് അവിടെ തൂങ്ങിക്കിടന്നിരുന്നു.

ഇപ്പോള്‍ തരിശായതെങ്കിലും ഒരിക്കല്‍ വര്‍ണ്ണാഭമായ മേശകളും തിളങ്ങുന്ന കുടകളും കൊണ്ടു സന്തോഷപൂരിതമായിരുന്ന പരിചിതമായ നടപ്പാതയിലേക്കു ഞാന്‍ സൂക്ഷിച്ചു നോക്കി. ഞങ്ങള്‍ക്കു ചുറ്റും വളരെയധികം മാറ്റം സംഭവിച്ചിരിക്കുന്നു! എങ്കിലും മാറ്റത്തിന്റെ നടുവിലും, ദൈവത്തിന്റെ വിശ്വസ്തത ഒരിക്കലും മാറുന്നില്ല. ദാവീദ് വിശദമായി നിരീക്ഷിച്ചിരിക്കുന്നത്: 'മനുഷ്യന്റെ ആയുസ്സു പുല്ലുപോലെയാകുന്നു; വയലിലെ പൂപോലെ അവന്‍ പൂക്കുന്നു. കാറ്റ് അതിന്മേല്‍ അടിക്കുമ്പോള്‍ അത് ഇല്ലാതെപോകുന്നു; അതിന്റെ സ്ഥലം പിന്നെ അതിനെ അറിയുകയുമില്ല. യഹോവയുടെ ദയയോ എന്നും എന്നേക്കും അവന്റെ ഭക്തന്മാര്‍ക്കും അവന്റെ നീതി മക്കളുടെ മക്കള്‍ക്കും ഉണ്ടാകും' (സങ്കീര്‍ത്തനം 103:15-17). ഈ വാക്കുകളോടെയാണ് ദാവീദ് സങ്കീര്‍ത്തനം ഉപസംഹരിക്കുന്നത്: 'എന്‍ മനമേ, യഹോവയെ വാഴ്ത്തുക' (വാ. 22).

പുരാതന തത്വജ്ഞാനിയായ ഹെരാക്ലീറ്റസ് പറഞ്ഞു, 'നിങ്ങള്‍ക്കൊരിക്കലും ഒരേ നദിയില്‍ രണ്ടു പ്രാവശ്യം ഇറങ്ങുവാന്‍ കഴിയുകയില്ല.' ജീവിതം നമുക്കു ചുറ്റും എപ്പോഴും മാറിക്കൊണ്ടിരിക്കുന്നു, എങ്കിലും ദൈവം അനന്യനായി നിലകൊള്ളുന്നു, തന്റെ വാഗ്ദത്തങ്ങള്‍ പാലിക്കുമെന്ന കാര്യത്തില്‍ അവനെ നമുക്കെപ്പോഴും വിശ്വസിക്കാന്‍ കഴിയും. അവന്റെ വിശ്വസ്തതയിലും സ്നേഹത്തിലും തലമുറ തലമുറയായി നമുക്കാശ്രയിക്കാന്‍ കഴിയും.